ഗായത്രി എങ്ങനെ ഗായത്രിയായി?

ഗായത്രി അക്ഷര­രൂപം രൂപ­കല്പന ചെയ്യു­മ്പോൾ ആദ്യമേ ആഗ്ര­ഹിച്ചത് ഏറ്റ­വും പുതിയ മാധ്യമ­ങ്ങളിൽ പോലും സുഗമ­മായി ഉപയോഗി­ക്കാൻ കഴിയ­ണം. ഒപ്പം ഏറ്റ­വും മികച്ച റിസൽട്ട് കിട്ടു­കയും കലാ­മൂല്യം പ്രകട­മാകുക­യും വേണം. ത്രീഡി പ്രിന്റിംഗ് സാധ്യത­കൾ മുന്നേറി­ക്കൊണ്ടിരി­ക്കുന്ന ഈ കാലഘട്ട­ത്തിൽ എല്ലാം ഹൈ ഡെഫനി­ഷൻ ആണല്ലോ... അപ്പോൾ അതിൽ ഉപയോ­ഗി­ക്കുന്ന വരകളും ഹൈ ഡെഫനി­ഷൻ ഉള്ളത് ആയിരിക്ക­ണമല്ലോ. ഗായത്രി ടൈപ്പ് ഫെയ്സും അത്തരത്തി­ലൊന്നായി­രിക്കണം. ഡിജിറ്റൽ ഡിസ്പ്ലേ­യിലും വിവിധ പ്രിന്റിംഗ് മീഡിയ­കളിലും ത്രീഡി മാധ്യമ­ങ്ങളിലും ഒരുപോലെ റിസൽട്ട് കിട്ടണ­മെന്ന ഉദ്ദേശത്തോടെ­യാണ് രൂപ­കല്പന നിർവ­ഹി­ച്ചിരിക്കുന്നത്.

കർവ് പോയിന്റ് ഉപയോഗിച്ചിരിക്കുന്ന രീതി (ചിത്രം 1)

വരകളുടെ അറ്റങ്ങൾ ഉരുട്ടി­യെടുത്ത് നെടുകെ­യുള്ള വര­കളുടെ കന­ത്തിന്റെ 56% കനമാണ് കുറുകെ­യുള്ള വര­കൾക്ക് നല്കി­യിരിക്കു­ന്നത്. സ്റ്റാക്ഡ് കഞ്ചക്ഷൻ ഗ്ലിഫു­കളിൽ 40% സൈസ് കുറച്ച് നെടുകെ­യുള്ള വര­കളുടെ കന­ത്തിന്റെ 20px കൂട്ടിയും കുറുകെ­യുള്ള വര­കൾക്ക് 20px ന്റെ 56% എടുത്തു­മാണ് ഡിസൈൻ കണ്ടെത്തി­യത്. (ചില ഗ്ലിഫു­കളിൽ അനിവാര്യ­മായ ചെറിയ മാറ്റങ്ങൾ വരുത്തി­യിട്ടുണ്ട്)

ഗായത്രി റഗുലറിൽ അക്ഷരങ്ങളുടെ കനം നിശ്ചയിച്ച രീതി (ചിത്രം 2)

കർവ് പോയിന്റുകളിലെ ഒപ്റ്റിമൈ­സേഷ­നിൽ നീതി പുലർത്തി­ക്കൊണ്ടാണ് ഡിസൈനിംഗ് പൂർത്തി­യാക്കിയത് എന്നതു­തന്നെയാണ് മികച്ച റിസൾട്ടിന്റെ അടിസ്ഥാനം. ഗ്ലിഫുകളുടെ കർവ് പോയിന്റു­കളും അവയുടെ സ്ഥാനങ്ങ­ളുമാണ് പെർഫക്ഷൻ തരുന്നത് എന്നതിനാൽ എല്ലാ ഗ്ലിഫിലും കർവ് പോയിന്റുകൾ ആവശ്യത്തിന് മാത്രമാക്കി ചുരുക്കി. (ഇത് ഫോണ്ടിന്റെ സൈസ് കുറയാനും കാരണമായി) വരകളിലെ ചെറിയ ചെറിയ പ്രശ്നങ്ങൾ വരെ കാർവിംഗ് പോലുള്ള ഘട്ടങ്ങളിൽ പെർഫക്ഷനിൽ മങ്ങൽ വരുത്തുന്നത് ശ്രദ്ധയിൽ­പ്പെട്ടിട്ടുള്ളതിനാൽ കർവ് പോയിന്റുകളിൽ ഏറ്റവും വ്യക്തതയും കൃത്യതയും ഉറപ്പ് വരുത്തി. ഏറ്റവും വലിയ മീഡിയയിൽ ചെല്ലുമ്പോൾ പോലും കർവുകളുടെ കൃത്യത വ്യക്ത­മാകണമെന്ന നിർബന്ധ­ബുദ്ധിയും ഡിസൈൻ സമയത്ത് ഉണ്ടായിരുന്നു. എന്നാൽ ഏറ്റവും ചെറിയ ഡിസ്പ്ലേകളിൽ വരുമ്പോൾ മിനിമം കനവും ഒപ്പം മിനിമം ഗ്യാപ്പും ഇല്ലെങ്കിൽ തെളിയാതെ വരികയോ മറിച്ച് കനം കൂടിയാൽ പടർച്ച തോന്നുകയൊ ചെയ്യുമെന്നതും ത്രിഡി മിഡിയകളിൽ ലെറ്റർ കട്ട് ചെയ്തെ­ടുക്കുമ്പോൾ ഒടിഞ്ഞു­പോവുകയൊ അടഞ്ഞു പോവുകയൊ ചെയ്യു­മെന്നുമുള്ള സാധ്യതകളെയെല്ലാം കൂടി കണക്കിലെടുത്ത് ഏറ്റവും ചെറിയ ഗ്ലിഫുകൾക്ക് വരെ മിനിമം കനവും ഗ്യാപ്പും കൃത്യതയോടെ നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്. വരകൾ കൂട്ടിമുട്ടുന്ന സ്ഥലങ്ങളിൽ ഇങ്ക് സ്പേസ് നിയന്ത്രിക്കുന്ന­തിനോടൊപ്പം ഇത്തരം ശ്രദ്ധ കൂടി കൊടുക്കാൻ കഴിഞ്ഞ­തിനാൽ ഡിസ്പ്ലേകളിൽ നിലവാരം പ്രകടമായി. ഗായത്രിയുടെ രൂപകല്പനയിൽ ഇത്തരം പെർഫക്ഷ­നുകൾക്ക് വേണ്ടി­യാണ് കൂടുതൽ സമയവും വിനിയോഗി­ച്ചിട്ടുള്ളത്.

ഗായത്രി ഫോണ്ട് ഉപയോഗിച്ച ഫലകം (ചിത്രം 3)

കിന്റിൽ, മൊബൈൽ, വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ തുടങ്ങിയവയിൽ ഉപയോഗിച്ച് നിലവാരം ഉറപ്പുവരുത്തി. പേപ്പറുകൾ മുതൽ തുണി വരെയുള്ള മീഡിയകളിൽ വ്യത്യസ്ഥ രീതിയിൽ പ്രിന്റ് ചെയ്തു. ഫൈബർ ഷീറ്റിലും മെറ്റൽ കോട്ടിങ്ങുള്ള ഷീറ്റുകളിലും എച്ചിങ്ങ് ചെയ്തു. മരപ്പലകയിൽ കാർവ് ചെയ്തു. സ്റ്റിക്കർ കട്ട് ചെയ്ത് നോക്കി. എല്ലാത്തിലും മികച്ച റിസൾട്ട് വന്നതിനുശേഷമാണ് ഗായത്രി ടൈപ്പ് ഫെയ്സ് ജനങ്ങളിലേക്ക് എത്തിച്ചിട്ടുള്ളത്.

സന്തോഷ് തോട്ടിങ്ങലിന്റെ മുഴുനീള നിർദ്ദേശവും ഫോണ്ട് രൂപകല്പനയിലെ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ഗായത്രി­യുടെ നിർമ്മാണത്തിൽ അഭേദ്യ­ഘടകമായിരുന്നു. കർവ് പോയിന്റുകളെ കുറിച്ചുള്ള ജ്ഞാനം പകർന്ന് തന്നതും അദ്ദേഹമാണ്. ഓരോഗ്ലിഫിലുമുള്ള അദ്ദേഹ­ത്തിന്റെ ശ്രദ്ധയും സൂക്ഷ്മതയും ഗായത്രിയെ കൂടുതൽ ഭംഗിയുള്ള­താക്കി. അതുപോലെ ഫോണ്ടിന്റെ അവതരണം മികവുറ്റതായത് ഓപ്പൺ ടൈപ്പ് എഞ്ചിനീ­യറിങ്ങിന്റെ വൈദഗ്ദ്യം കൊണ്ടാണ്. അക്ഷരങ്ങൾ തമ്മിലുള്ള അകലവും അടുപ്പവും സ്റ്റാക്ഡ് കഞ്ചക്ഷനുകളുടെ പൊസിഷൻ നിർണ്ണയ­വുമെല്ലാം കാവ്യ മനോഹർ മികവുറ്റ­താക്കി എന്നതിൽ സംശയമില്ല.

-ബിനോയ് ഡൊമിനിക്